ഗുരുവായൂർ: ദീപികയുടെ "ആദരം 2026' ഗുരുവായൂർ മേഖലാ പരിപാടി വർണാഭമായി. ലിറ്റിൽ ഫ്ലവർ കോളജിൽ നടന്ന ആദരസദസ് ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. 140 വർഷം പാരമ്പര്യമുള്ള ദീപികയുടെ ആദരസദസിൽ പങ്കെടുക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നതായി ജ്യോതിരാജ് പറഞ്ഞു.
ലിറ്റിൽ ഫ്ലവർ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെന്നി തെരേസ് അധ്യക്ഷയായി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവരുടെ ജീവിതയാത്രയിൽ കുടുംബത്തോടും സമൂഹത്തോടും സമർപ്പണം ഉണ്ടാവണമെന്നു സിസ്റ്റർ ഡോ. ജെന്നി തെരേസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ദീപിക മാർക്കറ്റിംഗ് കോഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത് ആമുഖപ്രഭാഷണം നടത്തി. കരിയർ ഗൈഡൻസ് വിദഗ്ധൻ ദിലീപ് രാധാകൃഷ്ണൻ, എൽഎഫ് കോളജ് അധ്യാപിക ഹിത പോൾസൺ എന്നിവർ തുടർവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. എൽഎഫ് കോളജ് ഇക്വാക് കോഓർഡിനേറ്റർ ഡോ. സിത്താര കെ. ഉറുമ്പിൽ, ഒക്ടൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ക്രിസ് ഹാരിസ് ചെറുവത്തൂർ, ദീപിക സർക്കുലേഷൻ ഏരിയ മാനേജർ വി.എസ്. യേശുദാസ് എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ മേഖലയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആയിരത്തോളം വിദ്യാർഥികളെ ചടങ്ങിൽ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
പ്ലസ് ടുവിൽ 60 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ പെൺകുട്ടികളെ എൽഎഫ് കോളജ് ആദരിച്ചു.ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി, സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ് എന്നിവർ നേതൃത്വം നൽകി.